വിഷ്വൽ ഇഫക്ടിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾsoftwares used in visual effects
സിനിമകളിലും ,വീഡിയോകളിലും വിഷ്വൽ ഇഫക്ടിൻ്റെ പ്രാധാന്യം വലുതാണ്. ഇതിനായി ധാരാളം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നു. ഇതിൽ ഏതാണ് ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ഓരോ സോഫ്റ്റ് വെയറും വ്യത്യസ്ത ജോലികൾക്കായി ആണ് ഉപയോഗിക്കുന്നത്.
വിഷ്വൽ ഇഫക്ടുകളെ പല വിഭാഗങ്ങളായി തിരിക്കാം. അവയിൽ പ്രധാനപ്പെട്ട ഭാഗങ്ങളാണ് 3ഡിയും കോംപോസിറ്റിംഗും. കൂടാതെ മാച്ച് മൂവിംഗ്, റോട്ടോസ്കോപ്പിംഗ്, ക്രോമ കീയിംഗ്, മാറ്റ് പെയിൻ്റിംഗ് എന്നിവയും ഉൾപ്പെടുന്നു.
വിഷ്വൽ ഇഫക്ടിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സോഫ്റ്റ് വെയറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Autodesk Maya
Autodesk എന്ന മുൻ നിര കമ്പനിയുടെ സോഫ്റ്റ് വെയർ ആണ് മായ. 3ഡി അനിമേഷൻ, 3ഡി മോഡലിംഗ്, സിമുലേഷൻ എന്നിവയിൽ MAYA സോഫ്റ്റ് വെയർ മുന്നിലാണ്. വളരെ റിയലിസ്റ്റിക് ആയി ഈ സോഫ്റ്റ് വെയറിൽ ദൃശ്യങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുന്നു. ഹോളിവുഡിലെ പ്രശസ്തമായ നിരവധി സിനിമകൾ നിർമിച്ചിരിക്കുന്നത് ഈ സോഫ്റ്റ് വെയറിൽ ആണ്. സിനിമ, ടെലിവിഷൻ, ഗെയിം എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
Autodesk 3DS Max
Autodesk കമ്പനിയുടെ തന്നെ മറ്റൊരു പ്രധാനപ്പെട്ട സോഫ്റ്റ് വെയർ ആണ് 3ds MAX. എൻ്റർടെയിൻമെൻ്റ്, ആർക്കിടെക്ചർ, എൻജിനീയറിംഗ്, പ്രോഡക്ട് ഡിസൈനിംഗ് എന്നിവയിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ഗെയിമുകളിൽ ഭൂരിഭാഗവും 3DS MAX ഉപയോഗിച്ച് നിർമിക്കപ്പെടുന്നവയാണ്. വിഷ്വൽ ഇഫക്ടിലും ഇത് വ്യാപകമായി ഉഫയോഗിക്കുന്നു.
CINEMA 4D
MAXON എന്ന ജർമൻ കമ്പനിയുടേതാണ് CINEMA 4D സോഫ്റ്റ് വെയർ. 3ഡി റെൻഡറിംഗ്, കംപ്യൂട്ടിംഗ് സ്പീഡ് എന്നിവയിൽ മികച്ചതാണ് ഇത്. സിനിമ, പരസ്യങ്ങൾ, വ്യവസായ മേഖലയിലെ പ്രോഡക്ടുകൾ എന്നിവയിൽ ഇത് ഉപയോഗിക്കുന്നു. മികച്ച ലേഔട്ടും, തുടക്കക്കാർക്ക് നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഡിസൈനും ഇതിൻ്റെ പ്രത്യേകത ആണ്. നിരവധി സിനിമകളിലും, പരസ്യങ്ങളിലും, വാർത്താ വിതരണ മേഖലയിലും റിയലിസ്റ്റിക് ആയിട്ടുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കുന്നു.
HOUDINI
SIDE FX എന്ന കമ്പനിയുടെ സോഫ്റ്റ് വെയർ ആണ് ഇത്. ക്യാരക്ടർ മോഡലിംഗ്, അനിമേഷൻ, സ്പെഷ്യൽ ഇഫക്ടുകൾ, വിഷ്വൽ ഇഫക്ടുകൾ എന്നിവ ചെയ്യുന്നതിനായി ഇത് ഉപയോഗിക്കുന്നു. ദ്രാവക ഇഫക്ടുകൾ, അഗ്നി, പൊടിപടലങ്ങൾ, സ്ഫോടനങ്ങൾ, ആൾക്കൂട്ടം തുടങ്ങിയവ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ ആണ് HOUDINI. മറ്റു 3ഡി സോഫ്റ്റ് വെയറുകളുമായി കൂട്ടിയോജിപ്പിച്ച് പ്രവർത്തിക്കുവാനും ഇതിന് കഴിയുന്നു. ഇഫക്ടുകൾ ചെയ്യുവാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഈ സോഫ്റ്റ് വെയർ.
BLENDER
ഇത് ഒരു സൌജന്യ സോഫ്റ്റ് വെയർ ആണ്. Blender Foundation എന്ന സ്വതന്ത്ര കൂട്ടായ്മയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 3ഡി മോഡലിംഗ്, അനിമേഷൻ, ഇഫക്ടുകൾ, കോംപോസിറ്റിംഗ്, 2ഡി അനിമേഷൻ തുടങ്ങിയവ ഇതിൽ ചെയ്യുവാൻ സാധിക്കും. പ്രോഡക്ട് ഡിസൈൻ, ആർക്കിടെക്ചർ, വിദ്യാഭ്യാസ മേഖലകളിലും Blendr വ്യാപകമായി ഉപയോഗിക്കുന്നു. തുടക്കക്കാർക്ക് 3ഡി മേഖലയിലേക്ക് പരിചയം ലഭിക്കുന്നതിനും സ്വന്തമായി പ്രൊഡക്ഷൻ വർക്കുകൾ ചെയ്യുന്നതിനും ഇതാണ് മികച്ച സോഫ്റ്റ് വെയർ. കൂട്ടായ്മയിലൂടെ എപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത.
ZBRUSH
ഡിജിറ്റൽ 3ഡി മോഡലുകളും പശ്ചാത്തലവും നിർമിക്കാനായി ഉപയോഗിക്കപ്പെടുന്ന മുൻ നിര സോഫ്റ്റ് വെയർ ആണ് ZBRUSH. PIXOLOGIC എന്ന കമ്പനിയുടേതാണ് ഈ സോഫ്റ്റ് വെയർ. കലാകാരൻമാർക്ക് ഇതിൽ വ്യത്യസ്ത സൃഷ്ടികൾ നടത്താനാകുന്നു. കൂടാതെ MAYA, HOUDINI, 3DSMAX, CINEMA4D, BLENDER തുടങ്ങിയ സോഫ്റ്റ് വെയറുകളുമായി കൂടിച്ചേർന്ന് പ്രവർത്തിക്കാനും സാധിക്കുന്നു.
കോംപോസിറ്റിംഗ് സോഫ്റ്റ് വെയറുകൾ
3ഡി സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ചെയ്യപ്പെടുന്ന ഇഫക്ടുകൾ, മോഡലുകൾ, മറ്റു പശ്ചാത്തലങ്ങൾ എന്നിവയെ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തിയാണ് കോംപോസിറ്റിംഗ് സോഫ്റ്റ് വെയറുകൾ ചെയ്യുന്നത്. ഇതിലെ പ്രധാനപ്പെട്ട സോഫ്റ്റ് വെയറുകളെ പരിചയപ്പെടാം.
NUKE
കോംപോസിറ്റിംഗ് സോഫ്റ്റ് വെയറുകളിൽ ഒന്നാം സ്ഥാനമാണ് ഇതിനുള്ളത്. Foundary എന്ന കമ്പനിയുടേതാണ് ഈ സോഫ്റ്റ് വെയർ. കണക്ടിംഗ് നോഡുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഇതിൽ ചെയ്യുവാൻ സാധിക്കുന്നു. ഓസ്കാർ, എമ്മി അവാർഡുകൾ നേടിയ ഭൂരിഭാഗം സിനിമകളും വീഡിയോകളും Nuke ൽ ആണ് കോംപോസിറ്റിംഗ് ചെയ്തിരിക്കുന്നത്. എത്ര വലിയ സീനുകൾ കൈകാര്യം ചെയ്യുവാനും, ഇഫക്ടുകൾ കൂട്ടിച്ചേർക്കുവാനും, നിറവ്യത്യാസം വരുത്തുവാനും ഇതിൽ സാധിക്കുന്നു
FUSION
Blackmagic എന്ന കമ്പനിയുടെ പ്രശസ്തമായ കോംപോസിറ്റിംഗ് സോഫ്റ്റ് വെയർ ആണ് ഇത്. നിരവധി സിനിമകൾ, ഗെയിമുകൾ, ടെലിവിഷൻ സീരീസുകൾ എന്നിവ ഈ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. വിഷ്വൽ ഇഫക്ട് മേഖലയിലും ടെലിവിഷൻ വാർത്താ വിതരണ മേഖലയിലും 3ഡി അനിമേഷനിലും ഇത് വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
ADOBE AFTER EFFECTS
സിനിമ, ടെലിവിഷൻ, ഗ്രാഫിക് വീഡിയോ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് AFTER EFFECTS. ടൈറ്റിൽ ഗ്പാഫിക്സ്, ഇഫക്ടുകൾ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എന്നിവയിൽ ഒന്നാമതാണ് ഇത്. ടെലിവിഷൻ മാധ്യമ രംഗത്ത് ഇത് കൂടാതെ ഇഫക്ടുകൾ ചെയ്യാൻ സാധിക്കുകയില്ല എന്ന അവസ്ഥയാണുള്ളത്.
![]() |
ഇവയെ കൂടാതെ ധാരാളം ചെറു സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നുണ്ട്. അവയെല്ലാം ഓരോ പ്രത്യേക ഇഫക്ടുകൾക്കായാണ് പ്രയോജനപ്പെടുത്തുന്നത്.
REALFLOW, HITFILM, AUTODESK FLAME, AUTODESK SMOKE, ARNOLD, MOCHA, SILLHOUT, PFTRACK തുടങ്ങിയവ വിഷ്വൽ ഇഫക്ടുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ ആണ്. ഇവ പലതും പ്രധാന സോഫ്റ്റ് വെയറുകളുടെ ഭാഗമായി ചേർത്തും ഉപയോഗപ്പെടുത്തുന്നു
PLUGINS
ചില പ്രത്യേക ഇഫക്ടുകൾ ചെയ്യുവാനായി ഉപയോഗിക്കുന്നതാണ് ഇവ. ഓരോ കമ്പനികളുടെ സോഫ്റ്റ് വെയറുകളിൽ ഉപയോഗിക്കുന്ന തരത്തിൽ ഇവ നിർമിക്കപ്പെടുന്നു. ഇതിൽ പലതും പ്രത്യേകമായി വാങ്ങി പ്രധാന സോഫ്റ്റ് വെയറിനോട് കൂട്ടിച്ചേർത്ത് ഉപയോഗിക്കാം.
ഓരോ വിഷ്വൽ ഇഫക്ട് സോഫ്റ്റ് വെയറുകൾക്കും നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. വളരെ വലിയ ലൈബ്രറി അസറ്റുകൾ ഉള്ള സോഫ്റ്റ് വെയറുകൾ ആണ് സിനിമകളിൽ ഉപയോഗിക്കുന്നത്. വലിയ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ സോഫ്റ്റ് വെയറുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. പ്രോജക്ടിൻ്റെ ഘടനയ്ക്ക് അനുയോജ്യമായ സോഫ്റ്റ് വെയറുകൾ ആണ് അതിൽ ഉൾപ്പെടുത്തുന്നത്.
വിഷ്വൽ ഇഫക്ട് എന്നു പറയുന്നത്, പല ഘടകങ്ങൾ കൂട്ടിച്ചേർത്ത് നിർമിക്കപ്പെടുന്നതാണ്. ഏതെങ്കിലും ഒരു സോഫ്റ്റ് വെയർ മാത്രമായി അല്ല, ഇവിടെ പ്രവർത്തിക്കുന്നത്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ വരുന്ന ഇഫക്ടുകൾ ഏതൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി വ്യക്തമായ ചർച്ച നടത്തി, സ്റ്റോറി ബോർഡ് തയ്യാറാക്കുന്നു. അതിനു ശേഷം ഓരോ ഇഫക്ടുകളും എങ്ങിനെ ഇരിക്കും എന്ന് ഒരു ടെസ്റ്റ് വീഡിയോ ചെയ്യുന്നു.
മറ്റൊന്ന് അതാത് സോഫ്റ്റ് വെയറുകൾ കൈകാര്യം ചെയ്യുന്നതിൽ ഉള്ള കലാകാരൻമാരുടെ എണ്ണം ആണ്. ചില സോഫ്റ്റ് വെയറുകൾ മികച്ചതാണെങ്കിലും , അത് ഉപയോഗിക്കുന്ന കലാകാരൻമാർ കുറവായിരിക്കും. കൂടാതെ സോഫ്റ്റ് വെയർ കമ്പനികൾ നൽകുന്ന ടെക്നിക്കൽ സപ്പോർട്ടും പ്രധാനമാണ്.
ഓരോ വിഷ്വൽ ഇഫക്ട് പ്രോജക്ടുകളും വളരെ ചിലവേറിയതാണ്. അതിനാൽ അതിൽ പിഴവുകൾ വരുത്തുവാൻ സാധ്യമല്ല. മികച്ച സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം ആണ് ഇത് കൈകാര്യം ചെയ്യുന്നത്. എപ്പോഴും പുതിയ കണ്ടുപിടുത്തങ്ങൾ സോഫ്റ്റ് വെയറുകളിൽ കൂട്ടിച്ചേർക്കപ്പെട്ടു കൊണ്ടിരിക്കും.
മറ്റു ലേഖനങ്ങൾ വായിക്കാം
വീഡിയോ ഗെയിമുകൾ നിർമ്മിക്കുന്നത് എങ്ങിനെ
0 അഭിപ്രായങ്ങള്‍