അനിമേഷൻ്റെ ചരിത്രത്തെക്കുറിച്ച് അറിയാം


ഇന്ന് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയാണ് അനിമേഷൻ. ഒരു ചിത്രത്തിനെ നിരനിരയായി വീക്ഷിക്കുമ്പോൾ അതിന് ചലനം ഉണ്ടാകുന്നതായി തോന്നുന്നതാണ് അനിമേഷൻ എന്നു പറയാം.

ദൃശ്യങ്ങൾ ചലിക്കുന്നതായി തോന്നിപ്പിക്കുന്നതാണ് 
അനിമേഷൻ്റെ രഹസ്യം.

പ്രാചീന കാലത്ത് ആദിമ മനുഷ്യൻ ഗുഹകളിലും പാറകളിലും വരച്ചിട്ട ചിത്രങ്ങളാണ് അനിമേഷൻ്റെ ആദ്യത്തെ രേഖപ്പെടുത്തലുകൾ എന്നു കരുതാം. നൂറ്റാണ്ടുകൾക്കു ശേഷം കൈ കൊണ്ട് വരച്ചു നിരനിരയായി വീക്ഷിക്കുമ്പോൾ അത് ചലിക്കുന്നതായി തോന്നുന്ന രീതിയിൽ ഇതിനെ വികസിപ്പിച്ചു.പിന്നീട് ഇത് ജനങ്ങൾ ആസ്വദിക്കാൻ തുടങ്ങി.


അനിമേഷ്യോ (animatio) എന്ന ലാറ്റിൻ പദത്തിൽ

നിന്നാണ് അനിമേഷൻ എന്ന വാക്ക് ഉത്ഭവിച്ചത്.

ജീവൻ നൽകുക എന്നാണ് ഇതിൻ്റെ അർത്ഥം.


ആദ്യകാല ചരിത്രം മനസ്സിലാക്കാം


പാലിയോലിത്തിക്ക് ഗുഹാചിത്രങ്ങളിലാണ് മൃഗങ്ങളും മനുഷ്യനും ചലിക്കുന്ന തരത്തിൽ ചിത്രീകരണം നടത്തിയിരുന്നത്. 4000 ഓളം വർഷം പഴക്കമുള്ള ഈജിപ്റ്റിലും ഇറാനിലും നിന്നു ലഭിച്ച പാത്രങ്ങളിൽ ഒരു വശത്തു നിന്നും തുടങ്ങുന്ന രീതിയിൽ നിര നിരയായി ചലിക്കുന്ന ദൃശ്യങ്ങൾ വരച്ചിരുന്നു.



മനുഷ്യ ശരീരത്തിൻ്റെ പല വശങ്ങളിൽ നിന്നുള്ള 7 ചിത്രങ്ങൾ ഒരു വശത്തു നിന്നും മറു വശത്തേക്ക് തിരിയുന്ന തരത്തിൽ ലിയനാർഡോ ഡാവിഞ്ചി ചിത്രീകരിച്ചിരുന്നു.

ഈ പറഞ്ഞതൊക്കെ അനിമേഷൻ്റെ പ്രാരംഭ രൂപങ്ങളായി കണക്കാക്കാം. പിൽക്കാലത്ത് ഈ ചിത്രങ്ങളെ ചലിപ്പിച്ചു കാണിക്കുവാനുള്ള ഉപകരണങ്ങൾ നിർമിക്കപ്പെട്ടു. ഒരു സമയം ഒരാൾക്കു മാത്രം കാണാവുന്ന രീതിയിലായിരുന്നു ഈ ഉപകരണങ്ങൾ തയ്യാറാക്കിയിരുന്നത്. ഇത് കണ്ടവർ അത്ഭുതത്തോടെ ഇത് ആസ്വദിച്ചിരുന്നു. ഇതൊക്കെ കളിപ്പാട്ടമായിട്ടാണ് അന്ന് കരുതിയിരുന്നത്.


ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന

 അനിമേഷൻ ഉപകരണങ്ങൾ


മാന്ത്രിക വിളക്ക് (1650)



കത്തിച്ചു വെച്ച ഒരു വിളക്കിനു ചുറ്റുമായി സുതാര്യമായ ചിത്രങ്ങൾ ചലിപ്പിച്ച് അവയെ ഒരു ഭിത്തിയിൽ പതിപ്പിക്കുക. ഇതായിരുന്നു ഈ ഉപകരണത്തിൽ പ്രയോഗിച്ചിരുന്ന രീതി. ഒരു മാന്ത്രിക വിദ്യ പോലെയായിരുന്നു ഇത് അക്കാലത്ത് ജനങ്ങൾ കണ്ടിരുന്നത്.


തോമോട്രോപ്പ്(1824)


വൃത്താകൃതിയിലുള്ള ഒരു കാർഡിന് ഇരു വശത്തുമായി രണ്ട് ചിത്രങ്ങൾ രേഖപ്പെടുത്തുന്നു. അതിനു നടുവിലൂടെ കടന്നു പോകുന്ന ചരടിനെ ചുറ്റുമ്പോൾ ഈ രണ്ടു ചിത്രങ്ങളും സംയോജിച്ച് ചലിക്കുന്നതായി തോന്നുന്നു.ഇതാണ് ഇതിൻ്റെ പ്രവർത്തന രീതി.


ഫിനാകിസ്റ്റോസ്കോപ്പ്(1831)


ഒരു വൃത്താകൃതിയിലുള്ള ഡിസ്ക്കിനു ചുറ്റുമായി നിരവധി ചിത്രങ്ങൾ വരയ്ക്കുന്നു. മറ്റൊരു ഡിസ്ക്കിൽ തുളകൾ ഉണ്ടാക്കിയിരിക്കും. ഇതിനെ കറക്കുമ്പോൾ തുളകൾക്കിടയിലൂടെ വരുന്ന ദൃശ്യം ഒരു കണ്ണാടിയിൽ പ്രതിഫലിപ്പിക്കുകയും അത് ചലിക്കുന്നതായി തോന്നുകയും ചെയ്തിരുന്നു.


സീയോട്രോപ്പ്(1834)


ഫിനാകിസ്റ്റോസ്കോപ്പിൻ്റെ അതേ രീതിയൽ ഡിസ്ക്കിനു പകരം ഒരു സിലിണ്ടർ ആകൃതിയിൽ കറങ്ങുന്ന സംവിധാനമാണ് ഇതിലും ഉപയോഗിച്ചിരുക്കുന്നത്


ഫ്ളിപ്പ് ബുക്ക് (1868)


ഒരു പുസ്തകത്തിൻ്റെ താളുകളിൽ ഒരു സംഭവത്തിൻ്റെ നിരനിരയായി വരുന്ന അവസ്ഥകൾ ചിത്രീകരിക്കുന്നു. ഇതിനെ ഒരു വശത്തു നിന്നും വേഗത്തിൽ മറിച്ചു നോക്കുമ്പോൾ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുന്നു. ഇതാണ് ഇതിൻ്റെ പ്രവർത്തന തത്വം. കിനിയോഗ്രാഫ് എന്നും ഇതിനെ വിളിക്കുന്നു. ഇപ്പോഴും കലാകാരൻമാർ ഈ രീതി ഉപയോഗിക്കുന്നുണ്ട്.


പ്രാക്സിനോസ്കോപ്പ് (1877)


ഫിനാകിസ്റ്റോസ് സ്കോപ്പിനെയും,സീയോട്രോപ്പിനെയും സംയോജിപ്പിച്ച് നിർമിച്ചതാണ് ഈ ഉപകരണം.


മേൽപ്പറഞ്ഞവയെല്ലാം കളിപ്പാട്ടങ്ങൾ എന്ന തരത്തിലാണ് ജനങ്ങൾ ആസ്വദിച്ചിരുന്നത്. ഇതെല്ലാം പിന്നീട് അനിമേഷൻ എന്ന സാങ്കേതിക വിദ്യയ്ക്ക് അടിസ്ഥാനമായി മാറി. ചലിക്കുന്ന ചിത്രങ്ങൾ നിർമിക്കാൻ സാധിക്കും എന്ന് കലാകാരൻമാർ മനസ്സിലാക്കിയത് ഈ ഉപകരണങ്ങളിലൂടെയാണ്. ഈ ലേഖനം നിങ്ങൾക്ക് അനിമേഷൻ്റെ ആദ്യകാലത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു എന്ന് കരുതുന്നു.