വീഡിയോ ഗെയിമുകൾ നിർമ്മിക്കുന്നത് എങ്ങിനെ?
how video games were made
ഓരോ വീഡിയോ ഗെയിമും സങ്കീർണ്ണമായ നിർമ്മാണ ഘട്ടങ്ങൾക്കു ശേഷമാണ് പൂർത്തിയാകുന്നത്. സോഫ്റ്റ് വെയർ പ്രോഗ്രാമിംഗിലൂടെയാണ് ഗെയിം രൂപപ്പെടുന്നത്. കലയും സാങ്കേതിക വിദ്യയും കൂടിച്ചേരുമ്പോൾ ആണ് ഒരു ഗെയിം രൂപപ്പെടുന്നത്. മിക്ക ഗെയിമുകൾക്കും ഒരു കഥ ഉണ്ടായിരിക്കും.
കഥ
എല്ലാത്തരം കഥകളും ഗെയിമിന് യോജിച്ചതല്ല. അതിനാൽ ഗെയിമിന് യോജിച്ച ഒരു കഥ തിരഞ്ഞെടുക്കുന്നു. ഇതിൻ്റെ പശ്ചാത്തലം, കഥാപാത്രങ്ങൾ, കഥയുടെ പ്ലോട്ടുകൾ എന്നിവ നിശ്ചയിക്കുന്നു. കളിക്കുന്നയാൾക്ക് താത്പര്യവും, ആനന്ദവും നൽകുന്ന തരത്തിലുള്ള കഥകളാണ് തയ്യാറാക്കുന്നത്. കൂടാതെ കളിക്കുവാനുള്ള നിയമാവലിയും നിർദ്ദേശങ്ങളും തയ്യാറാക്കുന്നു. ഇതിനായി ഗെയിമിൻ്റെ മാന്വൽ തയ്യാറാക്കുന്നു.
ഗെയിമിലെ കഥകൾ പ്രശസ്തമായ സിനിമകളോ, പുസ്തകങ്ങളോ ആയിരിക്കും.
സ്റ്റോറി ബോർഡുകൾ
ഗെയിമിനാവശ്യമായ കഥ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അതിനെ സ്റ്റോറിബോർഡ് ആക്കി മാറ്റുന്നു. കഥയുടെ ചിത്രീകരണമാണ് സ്റ്റോറി ബോർഡുകൾ. ഓരോ ചിത്രീകരണവും കഥയുടെ ഘടന വെളിവാക്കുന്ന തരത്തിലായിരിക്കും.
കലാസംവിധാനം
ആർട്ട് എന്നത് ഗെയിമിൻ്റെ അവിഭാജ്യ ഘടകമാണ്. കഥാപാത്രം, സംഗീതം, ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, 3ഡി മോഡലുകൾ, അനിമേഷനുകൾ എന്നിവ ഈ സമയത്ത് ചിത്രീകരിക്കുന്നു. കളിക്കാരന് വിശ്വസനീയമായ അനുഭൂതി നൽകുന്ന തരത്തിൽ ആയിരിക്കും ഇവ തയാറാക്കുന്നത്.
ആക്ഷനുകൾ
കഥയും സ്റ്റോറി ബോർഡും പൂർത്തിയാകുമ്പോൾ ഗെയിം ഏതു തരത്തിലുള്ളതായിരിക്കും എന്ന് ഒരു ഏകദേശ രൂപം ലഭിക്കുന്നു. കളിക്കുന്നയാൾക്ക് കളിയുടെ അനുഭൂതി ലഭിക്കണമെന്നത് പ്രധാനമാണ്. ഗെയിം പ്ലാറ്റ് ഫോം, തുടക്കം മുതൽ അവസാനം വരെയുള്ള ഘടന, 3ഡിയുടെ ഉപയോഗം എന്നിവയും നിശ്ചയിക്കുന്നു.
പ്രോട്ടോടൈപ്പ്
ഗെയിം പ്രോഗ്രാമിംഗിലേയ്ക്ക് കടക്കുന്നതിനു മുമ്പായി പരീക്ഷണമായി ചെയ്യുന്നതാണ് ഇത്. ഇതിലൂടെ തെറ്റു കുറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. ഗെയിമിൻ്റെ പ്രോഗ്രാമിംഗ് അൽഗൊരിതം പരിശോധിക്കാനും സാധിക്കുന്നു. കൂടാതെ സമയം, പ്രയത്നം എന്നിവ കുറക്കാനും സാധിക്കുന്നു.
ഗെയിം നിർമാണം
ഒരു വീഡിയോ ഗെയിം നിർമിക്കുക എന്നത് സങ്കീർണ്ണമായ പ്രക്രീയ ആണ്. ഒരു കൂട്ടം ഡിസൈനർമാർ, കലാകാരൻമാർ, പ്രോഗ്രാം ചെയ്യുന്നവർ ഇതിനു പിന്നിൽ കൂട്ടായി പ്രവർത്തിക്കുന്നു. ഗെയിം ഫോർമാറ്റ് ഏതായിരിക്കണം എന്നത് ഈ ടീം ചർച്ച ചെയ്ത് തീരുമാനിക്കുന്നു.
2ഡി, 3ഡി വിഭാഗങ്ങളിലുള്ള കലാകാരനമാർ ഇവിടെ പ്രവർത്തിക്കുന്നു. കൺസെപ്റ്റ് ആർട്ട്, സ്പ്രൈറ്റ്, ടെക്സ്ചർ, ഭൂപ്രദേശങ്ങൾ, ബാക്ക്ഗ്രൌണ്ട് എന്നിവ 2ഡി കലാകാരൻമാർ തയ്യാറാക്കുന്നു. 3ഡി മോഡലുകൾ, അനിമേഷൻ, പശ്ചാത്തലം തുടങ്ങിയവ 3ഡി കലാകാരൻമാർ ചെയ്യുന്നു.
ഗെയിം കളിക്കുന്നയാൾക്ക് കഥയെക്കുറിച്ചുള്ള വിശദീകരണം, ഓരോ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരണം, നിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കുന്നു. ഈ സമയത്ത് ആവശ്യമായ ഘടകങ്ങൾ, ആക്ഷനുകൾ എന്നിവ രേഖപ്പെടുത്തുന്നു.
ഗെയിം അസറ്റുകൾ
ഗെയിമിന് ആവശ്യമായ ഘടകങ്ങൾ ആണ് ഗെയിം അസറ്റുകൾ. കഥാപാത്രങ്ങൾ, 3ഡി മോഡലുകൾ, അനിമേഷനുകൾ, ലെവൽ ഡിസൈനുകൾ, പ്രോഗ്രാം സ്ക്രിപ്റ്റുകൾ, ശബ്ദങ്ങൾ, സംഗീതം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പല ഗെയിം എൻജിനുകളിലും ഇവ സൌജന്യമായി ഉൾപ്പെടുത്തിയിരിക്കും. ഗെയിം അസറ്റുകൾ ഓൺലൈൻ ആയി വാങ്ങുവാനും സാധിക്കും.
പ്രോഗ്രാമിംഗ്
കഥ, സ്റ്റോറി ബോർഡ്, വിവിധ ഘട്ടങ്ങൾ , നിർദ്ദേശങ്ങൾ, സൂചനകൾ എന്നിവ തയ്യാറാക്കിയ ശേഷമാണ് പ്രോഗ്രാമിംഗ് തുടങ്ങുന്നത്. ഇതിനായി കമ്പ്യൂട്ടർ പ്രോഗ്രാമിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്ന ഫ്ലോ ചാർട്ട് തയ്യാറാക്കുന്നു. C++, JAVA, VISUAL BASIC, PYTHON തുടങ്ങിയവ ഗെയിമിനായി ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ഭാഷകളാണ്. ഗെയിമിൻ്റെ ഓരോ ഭാഗത്തും പ്രവർത്തിക്കുന്ന പ്രോഗ്രാമേഴ്സ് പ്രത്യേകം കോഡിംഗ് തയ്യാറാക്കുന്നു. ഇത് മാസങ്ങളോളം നീളുന്ന പ്രവർത്തിയാണ്. മുൻപ് തയ്യാറാക്കിയ അൽഗൊരിതങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കുന്നു.
Physics അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ ഉപയോഗിക്കുന്നു. യൂസർ ഇൻ്റർഫേസ് നിർമാണം, ഗ്രാഫിക്സ് എന്നിവയും പ്രോഗ്രാമിൻ്റെ ഭാഗമാണ്.
ലെവൽ ഡിസൈനിംഗ്
ഗെയിമിലുള്ള പല ഘട്ടങ്ങളാണ് ലെവലുകൾ. ഇത് ഡിസൈൻ ചെയ്യുന്നു. പ്രോഗ്രാമിംഗിൻ്റെ ഭാഗമായി വരുന്നതാണിത്. ഗ്രാഫിക് ഡിസൈനുകൾ ഇതിൽ പ്രയോജനപ്പെടുത്തുന്നു. ഗെയിം കളിക്കുമ്പോൾ ഓരോ ലെവലും പൂർത്തിയാക്കിയാണ് മുന്നോട്ടു പോകുന്നത്.
സംഗീതം
സംഗീതത്തിന് ഗെയിമിൽ വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ ഭാഗങ്ങളിലും കളിക്കുമ്പോൾ അതിനനുസരിച്ചുള്ള ശബ്ദങ്ങൾ, പശ്ചാത്തല സംഗീതം എന്നിവ തയ്യാറാക്കുന്നു. ഇത് പ്രോഗ്രാമിംഗിലൂടെ ഗെയിമുമായി കൂട്ടിച്ചേർക്കുന്നു. സൌണ്ട് എൻജിനീയർമാരുടെ സേവനം ഈ ഘട്ടത്തിൽ ആവശ്യമായി വരുന്നു.
ടെസ്റ്റിംഗ്
പ്രോഗ്രാമിംഗ് പിഴവുകളും ഗെയിമിൻ്റെ ഒഴുക്കും തിരിച്ചറിയാനായി ടെസ്റ്റിംഗ് നടത്തുന്നു. പല തരത്തിൽ ഇത് ടെസ്റ്റ് ചെയ്യപ്പെടുന്നു. പ്രോഗ്രാം ചെയ്യുന്നവർ തന്നെ കളിച്ചു നോക്കുന്നു. കൂടാതെ പ്രൊഫഷണൽ ഗെയിം കളിക്കാരും ഇത് ടെസ്റ്റ് ചെയ്യാനായി കളിച്ചു നോക്കും. ഇതിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഗെയിമിൽ മൊത്തത്തിലുള്ള തിരുത്തലുകൾ വരുത്തുന്നു. ചില അവസരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങൾക്കും ഇത് ടെസ്റ്റ് ചെയ്യുവാനായി കളിക്കാൻ അവസരം നൽകുന്നു.
ഗെയിം ടെസ്റ്റിംഗിന് വിധേയമാക്കുമ്പോൾ ലഭിക്കുന്ന വിലയിരുത്തൽ വളരെയധികം പ്രധാനമാണ്. ഒറ്റയ്ക്കും, ഗ്രൂപ്പായും കളിക്കുന്ന തരത്തിലാണ് മിക്ക ഗെയിമുകളും പ്രവർത്തിക്കുന്നത്. ഗെയിമിൻ്റെ ഒഴുക്ക് നിലയ്ക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ കളിക്കാരന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. കൂടാതെ ഗെയിമിലെ പ്രോഗ്രാമുകൾ, ആക്ഷനുകൾ, ടൂളുകൾ, സംഗീതം, ഓരോ ലെവലുകൾ എന്നിവ ഉദ്ദേശിച്ച തരത്തിലാണോ പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയുകയും വേണം.
ഗെയിം ഡിസൈൻ ഡോക്യുമെൻ്റ്
ഗെയിം നിർമാണത്തിൻ്റെ വിശദമായ രൂപ രേഖയാണ് ഇത്. ഗെയിമിൻ്റെ എല്ലാ വസ്തുതകളും ഇതിൽ ഒരുക്കിയിരിക്കും. ഓരോ മെനു, ടൂളുകൾ എന്നിവ എങ്ങിനെ പ്രർത്തിക്കുന്നു എന്ന് ഇതിൽ ഉൾപ്പെടുത്തിയിരിക്കും. ഗെയിമിൻ്റെ തുടക്കം മുതൽ അവസാന ഘട്ടം വരെ വ്യക്തമാക്കുന്നതാണ് ഇത്.
ഗെയിം എൻജിനുകൾ
പേര് കേൾക്കുമ്പോൾ ഇത് ഒരു യന്ത്രം എന്ന് തോന്നാം. എന്നാൽ ഗെയിമിൻ്റെ ശരിക്കുള്ള പ്രോഗ്രാമിംഗ് കോഡ് പ്രവർത്തിക്കുന്നത് ഇതിലാണ്. കണക്കു കൂട്ടലുകൾ, കമ്പ്യൂട്ടർ നെറ്റ് വർക്ക് പ്രവർത്തനം, ശബ്ദമിശ്രണം, സ്ക്രിപ്റ്റുകൾ പ്രവർത്തിക്കുന്നത്, കൃത്രിമ ബുദ്ധി (Artificial Inteligence) സംയോജിപ്പിക്കുക ഇവയെല്ലാം ഗെയിം എൻജിനുകൾ നിർവഹിക്കുന്നു. സങ്കീർണ്ണമായ കണക്കു കൂട്ടലുകൾ ആണ് ഇവിടെ നടക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ കോഡുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
മിക്കവാറും എല്ലാ തരം ഗെയിമുകളും പൊതുവായി ഉപയോഗിക്കുന്ന ഗെയിം എൻജിനുകൾ ഉണ്ട്. ചില ഗെയിം നിർമാതാക്കൾ സ്വന്തം ഗെയിം എൻജിനുകൾ ഉപയോഗിക്കുന്നു. സൊജന്യമായും, വില കൊടുത്ത് വാങ്ങുന്നതുമായ ഗെയിം എൻജിനുകൾ വിപണിയിലുണ്ട്. UNITY, UNREAL ENGINE, AMAZON LUMBERYARD, GAME MAKER STUDIO, GO DOT തുടങ്ങിയവ ഗെയിം എൻജിനുകൾക്ക് ഉദാഹരമാണ്.
ഗെയിം വിപണനം
ഗെയിം പൂർത്തിയായ ശേഷം ഇതിനെക്കുറിച്ചുളള പരസ്യങ്ങളും ക്യാമ്പെയിനുകളും സംഘടിപ്പിക്കുന്നു. ഗെയിം മാർക്കറ്റിംഗിൽ വിദഗ്ധരായവർ ഇതിനായുള്ള തയ്യാറെടുപ്പകൾ ചെയ്യുന്നു. വലിയൊരു സിനിമ പുറത്തിറക്കുന്നതു പോലെ ആഘോഷമായിട്ടാണ് പല വമ്പൻ കമ്പനികളും ഗെയിമുകൾ പുറത്തിറക്കുന്നത്.
ഗെയിം പൂർത്തിയായ ശേഷം നിരവധി ടെസ്റ്റിംഗ് ജോലികൾ നടത്തുന്നു. കളിക്കാരന് വളരെയധികം താത്പര്യം ജനിപ്പിക്കുന്നതും പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നതും ആയിരിക്കും ഗെയിം ഘടന. ചില ഗെയിമുകൾ വളരെയധികം പ്രശസ്തി നേടുന്നു. ചിലത് പരാജയപ്പെടുകയും ചെയ്യുന്നു. അതിനാൽ വിപണിയെ നന്നായി മനസ്സിലാക്കിയ ശേഷമാണ് ഗെയിമുകൾ തയ്യാറാക്കപ്പെടുന്നത്.
ഗെയിമുകൾ പല തരത്തിലുണ്ട്. ഒരു കഥയെ അടിസ്ഥാനമാക്കി സിനിമ പോലെ കളിക്കുന്ന വമ്പൻ ഗെയിമുകൾ, സ്പോർട്സ് ഗെയിമുകൾ, ആക്ഷൻ ഗെയിമുകൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, പസിൽ ഗെയിമുകൾ, സാഹസികത ഉൾപ്പെടുന്നവ എന്നിങ്ങനെ പല തരത്തിലാണ് ഗെയിമുകൾ നിർമിക്കപ്പെടുന്നത്. ചില പ്രത്യേക ടാസ്ക്കുകൾ പൂർത്തിയാക്കുന്ന തരത്തിലുള്ള ഗെയിമുകളും നിലവിലുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ലളിതമായ ഗെയിമുകളും നിർമിക്കപ്പെടുന്നുണ്ട്.
കമ്പ്യൂട്ടർ ഗെയിമുകൾ ലോകമെമ്പാടും വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഇതിൽ പ്രായഭേദം ഇല്ല എന്നതാണ് പ്രത്യേകത. എന്നിരുന്നാലും കുട്ടികളും ചെറുപ്പക്കാരുമാണ് ഭൂരിഭാഗം കളിക്കാരും. ഓരോ വർഷവും നൂറുകണക്കിന് ഗെയിമുകൾ പുറത്തിറങ്ങുന്നു. ഇതിൽ ചെറിയ ഗെയിമുകളും, വമ്പൻ കമ്പനികൾ പുറത്തിറക്കുന്ന ഗെയിമുകളും ഉണ്ട്. കമ്പ്യൂട്ടർ, പ്ലേ സ്റ്റേഷൻ, എക്സ് ബോക്സ്, മൊബൈൽ, ഇൻ്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്നവയാണ് മിക്കവാറും ഗെയിമുകൾ.
ഇപ്പോൾ വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന ഗെയിമുകളുടെ കാലമാണ്. സാങ്കേതിക വിദ്യ വളരുംതോറും ഗെയിമകളുടെ ഘടനയും, നിർമാണ രീതികളും കൂടുതൽ മികച്ചതായി മാറുന്നു.
മറ്റു ലേഖനങ്ങൾ വായിക്കുക
0 അഭിപ്രായങ്ങള്‍