വിഷ്വൽ ഇഫക്ടിലെ തൊഴിൽ സാധ്യതകൾ
അനിമേഷൻ, വിഷ്വൽ ഇഫക്ട് എന്നീ മേഖലകളിൽ അതിശയിപ്പിക്കുന്ന പുരോഗതിയാണ് സമീപ കാലങ്ങളിൽ കണ്ടു വരുന്നത്. ഇന്ത്യയിലെ വിഷ്വൽ ഇഫക്ട് വ്യവസായം കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര പ്രശസ്തമായ അനിമേഷൻ, വിഷ്വൽ ഇഫക്ട് സ്റ്റുഡിയോകളുടെ ശാഖകൾ ഇന്ത്യയിൽ ധാരാളമായി പ്രവർത്തിച്ചു വരുന്നു. അന്താരാഷ്ട്ര പ്രോജക്ടുകൾക്കു പുറമേ ഇന്ത്യൻ സിനിമകളിൽ വൻ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ നിർമിക്കപ്പെടുന്നതും ഇന്ത്യയിലെ ഈ വ്യവസായത്തിന് ശക്തി പകരുന്നു. 114 ബില്യൺ ഡോളർ വ്യവസായമായി ഇന്ത്യയിൽ ഇന്ന് ഈ രംഗം മുന്നേറിക്കൊണ്ടിരിക്കുന്നു.
അനിമേഷൻ,വിഷ്വൽ ഇഫക്ട് രംഗം വർഷം തോറും 23% പുരോഗതി ഇന്ത്യയിൽ കാഴ്ച വെയ്ക്കുന്നു. അതിനോടൊപ്പം തന്നെ ഈ രംഗത്ത് പ്രവർത്തിക്കുവാനായി ധാരാളം സാങ്കേതിക വിദഗ്ധരേയും ആവശ്യമായി വരുന്നുണ്ട്. മിടുക്കരായ കലാകാരൻമാർക്ക് വളരെ മികച്ച ഭാവിയാണ് ഈ മേഖലയിൽ കാത്തിരിക്കുന്നത്.
ഈ മേഖലയിലെ വിവിധങ്ങളായ തൊഴിൽ സാധ്യതകളെക്കുറിച്ച് നന്നായി മനസ്സിലാക്കിയാൽ മാത്രമേ ഇവിടെ ശോഭിക്കാൻ സാധിക്കുകയുള്ളൂ. വിഷ്വൽ ഇഫക്ട് എന്നത് സിനിമയിൽ മാത്രമല്ല ടെലിവിഷൻ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ഇൻ്റർനെറ്റ് ചാനലുകൾ, യൂട്യൂബ് തുടങ്ങിയ പലയിടത്തും ഉപയോഗിക്കപ്പെടുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതിൻ്റെ നിർമ്മാണം താരതമ്യേന ചിലവ് കുറഞ്ഞതായതിനാലാണ് കൂടുതൽ സംരംഭകർ ഇവിടെ സ്റ്റുഡിയോകളും അനുബന്ധ സ്ഥാപനങ്ങളും ധാരാളമായി തുടങ്ങുവാൻ താൽപര്യം പ്രകടിപ്പിക്കുന്നത്.
വിഷ്വൽ ഇഫക്ട് മേഖലയിലെ പ്രധാനപ്പെട്ട ജോലികളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഇതിലേയ്ക്ക് കടന്നു വരുന്നവർ ആദ്യം ചെയ്യേണ്ടത്. ഒരു സിനിമ അല്ലെങ്കിൽ വീഡിയോയിൽ വിഷ്വൽ ഇഫക്ട് പ്രയോഗിക്കുമ്പോൾ അതിൽ പല ഭാഗങ്ങൾ ഉണ്ട്. അതിനായി വെവ്വേറെ ആർട്ടിസ്റ്റുകൾ പണിയെടുക്കുന്നു. മൊത്തം പ്രോജക്ടിനെ സീനുകളായും ഷോട്ടുകളായും തിരിച്ച് അതിൽ ഓരോരുത്തർക്കും ഓരോ ജോലികളാണ് നൽകുന്നത്.
പ്രധാനപ്പെട്ട തൊഴിൽ വിഭാഗങ്ങൾ ഇവയാണ്.
1. ലേ ഔട്ട് ആർട്ടിസ്റ്റ്
ഒരു സീനിൻ്റെ ദൃശ്യാവിഷ്ക്കാരം തുടങ്ങുന്നതിന് മുൻപായി അത് എങ്ങിനെയിരിക്കും എന്നതിൻ്റെ അടിസ്ഥാനം നിർമ്മിക്കുന്നവരാണ് ലേ ഔട്ട് ആർട്ടിസ്റ്റുകൾ. സ്ക്രിപ്റ്റിനും സ്റ്റോറി ബോർഡിനും അനുസരിച്ച് ആവശ്യമായ ടെംപ്ലേറ്റുകൾ നിർമ്മിക്കുക, ക്യാമറ ആംഗിളുകൾ തയ്യാറാക്കുക എന്നിവയാണ് ഇവരുടെ ജോലി. കഥയ്ക്കനുസരിച്ച് നിർമ്മിക്കപ്പെടുന്ന ലേഔട്ടുകളെ പിൻതുടർന്നാണ് ബാക്കി എല്ലാ ജോലികളും തുടങ്ങുന്നത്.
2.കോമ്പോസിറ്റിംഗ് ആർട്ടിസ്റ്റ്
പശ്ചാത്തലം, ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ എന്നിവയ്ക്കനുസരിച്ച് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഇഫക്ടുകളും, പുതുതായി കൂട്ടിച്ചേർക്കപ്പെടുന്ന 3ഡി, 2ഡി ഇമേജുകളും കൂട്ടിയോജിപ്പിക്കുന്നവരാണ് കോമ്പോസിറ്റിംഗ് ആർട്ടിസ്റ്റുകൾ. പല തരത്തിലുള്ള ദൃശ്യങ്ങളും, വസ്തുക്കളും സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ ഒറ്റ ഷോട്ടുകളിൽ സംയോജിപ്പിക്കുക എന്നതാണ് ഈ വിഭാഗത്തിലുള്ളവർ ചെയ്യുന്നത്.
3.ലൈറ്റിംഗ് ആർട്ടിസ്റ്റ്
സിനിമയായാലും, അനിമേഷൻ ആയാലും ഓരോ ദൃശ്യത്തിനും അനുയോജ്യമായ തരത്തിൽ പ്രകാശ സംവിധാനം നൽകുന്നവരാണ് ലൈറ്റിംഗ് ആർട്ടിസ്റ്റുകൾ. ഒറിജിനൽ ദൃശ്യങ്ങളും, കൂട്ടിച്ചേർക്കുന്നവയും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം പ്രകാശ സംവിധാനം ഒരുക്കുക എന്നതാണ് ഇവിടെ ചെയ്യപ്പെടുന്നത്. ഇതിനായി സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നു.
4.റെൻഡറിംഗ് ആർട്ടിസ്റ്റുകൾ
3ഡി സോഫ്റ്റ് വെയറുകളിൽ നിർമ്മിച്ചെടുക്കുന്ന രൂപങ്ങൾ, കോമ്പോസിറ്റിംഗ് ചെയ്തു കഴിഞ്ഞ ഷോട്ടുകൾ എന്നിവയുടെ ഔട്ട് പുട്ട് തയ്യാറാക്കുക എന്നൊരു ജോലിയാണ് ഇവിടെ നടക്കുന്നത്. ഇത് വളരെയധികം സാങ്കേതികമായ പ്രക്രീയ ആണ്. ഇതിനായി ടെക്നിക്കൽ സ്കിൽ ഉള്ളവരാണ് പ്രവർത്തിക്കുന്നത്.
5.റോട്ടോ ആർട്ടിസ്റ്റുകൾ
വിഷ്വൽ ഇഫക്ട് ജോലിയിൽ തുടക്കക്കാർക്ക് ലഭിക്കുന്ന അവസരമാണിത്. ഓരോ ഫ്രെയിമുകളായി നേരിട്ട് ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നും ആവശ്യമില്ലാത്തവയെ നീക്കം ചെയ്യുക, അല്ലെങ്കിൽ പുതുതായി കൂട്ടിച്ചേർക്കുക എന്ന ഭാരിച്ച ജോലിയാണ് ഇവിടെ ചെയ്യപ്പെടുന്നത്. ഒരു മുഴുനീള ചിത്രത്തിൽ ലക്ഷക്കണക്കിന് ഫ്രെയിമുകളിൽ സമയത്തിനനുസരിച്ച് ചെയ്യേണ്ട ജോലിയാണിത്.
6.മാറ്റ് പെയിൻ്റിംഗ് ആർട്ടിസ്റ്റുകൾ
പശ്ചാത്തലം ഒരുക്കുന്നവരാണ് ഈ ജോലിയിൽ വരുന്നത്. ചിത്രകലയെപ്പോലെ കഥാപാത്രങ്ങൾക്കും സീനുകൾക്കും യോജിച്ച പശ്ചാത്തലം ഒരുക്കുക എന്ന ജോലിയാണിത്. നല്ല കളർ സെൻസും, വര, പെയിൻ്റിംഗ് എന്നവയിൽ മിടുക്കുള്ളവർക്ക് ശോഭിക്കാൻ പറ്റിയ മേഖലയാണിത്. പക്ഷെ എല്ലാം സോഫ്റ്റ് വെയറുകളിൽ ആണ് ചെയ്യേണ്ടത് എന്നതാണ് പ്രത്യേകത. ഇതിനായി ഉള്ള സാങ്കേതിക ജ്ഞാനം നേടിയിരിക്കുന്നവരാണ് ഇത് ചെയ്യുന്നത്.
7.മാച്ച് മൂവിംഗ് ആർട്ടിസ്റ്റുകൾ
കമ്പ്യൂട്ടർ സോഫ്റ്റ് വെയർ നിർമ്മിത വസ്തുക്കൾ, കഥാപാത്രങ്ങൾ എന്നിവയെ ഷൂട്ട് ചെയ്തെടുത്ത വീഡിയോയിൽ കൃത്യമായി ചലനത്തോടൊപ്പം കൂട്ടിച്ചേർക്കുന്ന ജോലിയാണിത്. നേരിട്ട് ഷൂട്ട് ചെയ്ത ദൃശ്യങ്ങളും അതിനോട് കൂട്ടിച്ചേർക്കുന്ന കമ്പ്യൂട്ടർ നിർമ്മിത ദൃശ്യങ്ങളും കൃത്യമായ ടൈമിംഗോടെ തിരിച്ചറിയാൻ സാധിക്കാത്ത വിധം യോജിപ്പിക്കുക എന്ന ജോലിയാണിത്..
മേൽപ്പറഞ്ഞവയെല്ലാം പൊതുവായി വരുന്ന വിഭാഗങ്ങളാണ്. ഇതിനോടൊപ്പം വിവിധ തരത്തിലുള്ള ജോലികളും വരുന്നു. ഒരു വിഷ്വൽ ഇഫക്ട് ഷോട്ട് പൂർത്തിയാകുന്നത് നിരവധി വിഭാഗങ്ങളിലുള്ള കലാകാരൻമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ഓരോ ജോലികൾക്കും വെവ്വേറെ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നു. ഓരോ സോഫ്റ്റ് വെയറിലും പ്രാവീണ്യം ലഭിച്ചവർ തങ്ങളുടെ കഴിവിനനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുക്കുന്നു.
0 അഭിപ്രായങ്ങള്‍