2ഡി അനിമേഷനുകൾ എങ്ങിനെ നിർമിക്കുന്നു?how does 2d animation work
2ഡി അനിമേഷനുകൾ എങ്ങിനെ നിർമിക്കപ്പെടുന്നു എന്ന് അറിയുന്നതിന് മുൻപ് അത് എന്താണ് എന്ന് മനസ്സിലാക്കാം. ദ്വിമാന ചിത്രീകരണമാണ് 2ഡി അനിമേഷനുകൾ. അതായത് നീളം, വീതി എന്നിവ മാത്രം പരന്ന പ്രതലത്തിൽ കാണുന്ന തരത്തിൽ ഉള്ളതാണിത്. ഒരു പേപ്പറിലോ, ക്യാൻവാസിലോ വരക്കുന്ന ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്.
2ഡി അനിമേഷൻ്റെ പിന്നിലെ തത്വം
ദ്വിമാന രൂപത്തിൽ വരച്ചിരിക്കുന്ന ചിത്രങ്ങളെ ചലിപ്പിക്കുക എന്നതാണ് 2ഡി അനിമേഷനുകൾ കൊണ്ട് അർത്ഥമാക്കുന്നത്. ചിത്രങ്ങളെ ചലിക്കുന്ന തരത്തിൽ ഓരോ ഫ്രെയിമുകളായി വരച്ച് ചിത്രീകരിക്കുന്നു. ഒരു സെക്കൻ്റ് അനിമേഷൻ നിർമിക്കാൻ ഒരു നിശ്ചിത എണ്ണം ചിത്രങ്ങൾ വേണം.
ഫ്രെയിം റേറ്റുകൾ
ഒരു സെക്കൻ്റ് അനിമേഷൻ നിർമിക്കാൻ ആവശ്യമായ ചിത്രങ്ങളുടെ എണ്ണം ആണ് ഫ്രെയിം റേറ്റ്. ഓരോ മാധ്യമത്തിലും അത് വ്യത്യസ്തമായിരിക്കും. അത് ചുവടെ പറയുന്ന തരത്തിലാണ്.
സിനിമ - 1 സെക്കൻ്റിൽ 24 ഫ്രെയിമുകൾ
ടെലിവിഷൻ - രണ്ടു തരം ഫ്രെയിം റേറ്റുകൾ
PAL - 1 സെക്കൻ്റിൽ 25 ഫ്രെയിമുകൾ
NTSC-1 സെക്കൻ്റിൽ 30 ഫ്രെയിമുകൾ
വെബ്ബ് - 1 സെക്കൻ്റിൽ 12, 15 ഫ്രെയിമുകൾ
ആദ്യകാലത്തെ 2ഡി അനിമേഷൻ നിർമ്മാണം
ലൈറ്റ് ബോക്സുകൾ
2ഡി അനിമേഷനുകൾ പല തരത്തിൽ നിർമിക്കുന്നുണ്ട്. പരമ്പരാഗതമായി രീതിയിൽ ഓരോ ഫ്രെയിമുകളും വരയ്ക്കുവാനായി ഉപയോഗിച്ചിരുന്ന സംവിധാനമാണ് ലൈറ്റ് ബോക്സുകൾ.
ലൈറ്റ് ബോക്സുകൾ പ്രവർത്തിക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കാം. ഒരു ചിത്രം വരയ്ക്കുന്നു. അതിൻ്റെ അടി ഭാഗത്തുകൂടി പ്രകാശം കടന്നു വരുന്ന തരത്തിൽ ലൈറ്റ് ബോക്സിൽ ഉറപ്പിക്കുന്നു. അതിനു മുകളിൽ അടുത്ത പേപ്പർ വെയ്ക്കുന്നു. അടിയിലുള്ള ചിത്രത്തിൻ്റെ രൂപം നോക്കി അടുത്ത ഫ്രെയിം പുതിയ പേപ്പറിൽ വരയ്ക്കുന്നു. ഇങ്ങിനെ എല്ലാ ഫ്രെയിമുകളും കൈ കൊണ്ട് വരച്ചു ചേർക്കുന്നു.
ഇങ്ങിനെ വരച്ചു ചേർക്കുന്ന ചിത്രങ്ങളെയെല്ലാം ഫിലിമിൽ ചിത്രീകരിച്ച് പ്രൊജക്ടറിൻ്റെ സഹായത്തോടെ സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് ആദ്യ കാലങ്ങളിൽ 2ഡി അനിമേഷൻ നിർമിച്ചിരുന്നത്. വാൾട്ട് ഡിസ്നിയുടെ കാലം മുതൽ ഇതായിരുന്നു രീതി. ഇത്തരത്തിൽ ഒരു മുഴുനീള അനിമേഷൻ പൂർത്തിയാക്കാൻ ലക്ഷക്കണക്കിന് ചിത്രങ്ങൾ വരയ്ക്കേണ്ടി വന്നിരുന്നു.
ഇവയെല്ലാം കാർട്ടൂൺ ചിത്രങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇത്തരത്തിൽ പഴയ കാലത്ത് ഒരു അനിമേഷൻ ചിത്രം നിർമിക്കാൻ ധാരാളം മനുഷ്യ പ്രയത്നം ആവശ്യമായി വന്നിരുന്നു. കൂടാതെ ധാരാളം സമയവും വേണ്ടി വന്നിരുന്നു.
ഇപ്പോഴത്തെ 2ഡി അനിമേഷൻ നിർമ്മാണ രീതി
കമ്പ്യൂട്ടറുകളുടെ വരവും സോഫ്റ്റ് വെയറുകളുടെ നിർമ്മാണവും വന്നതോടെ കൈകൊണ്ട് വരയ്ക്കുന്നതിനേക്കാൾ എളുപ്പത്തിലും വേഗത്തിലും 2ഡി അനിമേഷനുകൾ നിർമ്മിക്കപ്പെടാൻ തുടങ്ങി. കൂടാതെ അനിമേഷൻ നിർമ്മിക്കുന്നതിനുള്ള ചെലവും കുറഞ്ഞു.
2ഡി അനിമേഷൻ സോഫ്റ്റ് വെയറുകളുടെ നേട്ടങ്ങൾ
2ഡി അനിമേഷൻ നിർമാണത്തിൽ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുമ്പോൾ ഒരുപാട് നേട്ടങ്ങൾ ഉണ്ട്. കമ്പ്യൂട്ടറിൽ വരയയ്ക്കുന്ന ചിത്രങ്ങളെ എളുപ്പത്തിൽ ചലിപ്പിക്കാവുന്ന ടൂളുകൾ ഇതിലുണ്ട്. ഒരു ഫ്രെയിം വരച്ചു കഴിഞ്ഞാൽ അതിൻ്റെ കോപ്പി എടുത്ത് ചെറിയ മാറ്റങ്ങൾ വരുത്തി അടുത്തത് നിർമിക്കാം. പശ്ചാത്തലങ്ങൾ, നിറം എന്നിവ നൽകാം. ക്യാമറയുടെ ചലനങ്ങൾ, ഇഫക്ടുകൾ, ശബ്ദമിശ്രണം എന്നിവയും സോഫ്റ്റ് വെയറിനുള്ളിൽ തന്നെ ചെയ്യാം.
കൂടുതൽ മനുഷ്യ പ്രയത്നം ഇല്ലാതെ, ഒരാൾക്കു തന്നെ സോഫ്റ്റ് വെയറിൽ ഇത് എളുപ്പത്തിൽ നിർമിക്കാൻ സാധിക്കുന്നു എന്നതാണ് ഇതിൻ്റെ മറ്റൊരു നേട്ടം.
2 ഡി അനിമേഷൻ്റെ വിവിധ
നിർമാണ ഘട്ടങ്ങൾ
പ്രധാനമായും 3 ഘട്ടങ്ങൾ ആണ് 2ഡി അനിമേഷൻ നിർമാണത്തിൽ വരുന്നത്. അവ പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിവയാണ്.
പ്രീ പ്രൊഡക്ഷൻ (pre-production)
സ്ക്രിപ്റ്റ്, സ്റ്റോറി ബോർഡ്, ഡയലോഗ്, ക്യാരക്ടർ ഡിസൈനിംഗ്, ലുക്ക് ആൻ്റ് ഫീൽ ഡിസൈനിംഗ്, ബാക്ക് ഗ്രൌണ്ട് ലേ ഔട്ട് തുടങ്ങിയവ ഈ ഘട്ടത്തിൽ ചെയ്യപ്പെടുന്നു
സ്ക്രിപ്റ്റ്
അനിമേഷൻ്റെ തിരക്കഥ തയ്യാറാക്കുന്നതാണ് ആദ്യഘട്ടം. കൂടുതലായും ദൃശ്യം, ശബ്ദം, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്
സ്റ്റോറിബോർഡ്
സ്ക്രിപ്റ്റിൻ്റെ ഗ്രാഫിക് ചിത്രീകരണമാണ് സ്റ്റോറിബോർഡുകൾ. ഇതിൽ നിന്നും അനിമേഷൻ പൂർത്തിയാകുമ്പോൾ എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ആവശ്യമായ തിരുത്തലുകൾ വരുത്തിക്കഴിഞ്ഞ് അംഗീകരിച്ചാൽ, പിന്നീട് ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും അനിമേഷൻ ചെയ്യുന്നത്.
ഡയലോഗ്
സ്ക്രിപ്റ്റിന് അനുസരിച്ച് ശബ്ദവും, പശ്ചാത്തല സംഗീതവും റെക്കോർഡ് ചെയ്യുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.
ക്യാരക്ടർ ഡിസൈനിംഗ്
കഥാപാത്രങ്ങൾ, കഥയിൽ വരുന്ന മറ്റു വസ്തുക്കൾ എന്നിവയ്ക്ക് ഒരു പൊതുവായ രൂപം നൽകുന്നു. മോഡൽ ഷീറ്റുകൾ എന്നറിയപ്പെടുന്ന ഡിസൈനുകൾ തയ്യാറാക്കുന്നു. കഥയിൽ ഉടനീളം ഇതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണമായിരിക്കും നടത്തുന്നത്
ലുക്ക് ആൻ്റ് ഫീൽ ഡിസൈനിംഗ്
അനിമേഷനിലെ കഥാപാത്രങ്ങളുടെ വർണ്ണം , പശ്ചാത്തലം, ലൈറ്റിംഗ് എന്നിവയെല്ലാം ഇവിടെ ചെയ്യപ്പെടുന്നു. കഥയുടെ പൊതുവായ ഒരു നിറവും പശ്ചാത്തലവും ഈ അവസരത്തിൽ വ്യക്തമാക്കപ്പെടുന്നു.
ബാക്ക് ഗ്രൌണ്ട് ലേഔട്ടുകൾ
അവസാന ദൃശ്യം ഉണ്ടാകുന്നതിന് മുൻപായി ലൈൻ വരകൾ കൊണ്ട് പശ്ചാത്തലം ചിത്രകരിക്കുന്നു. കഥയിലെ വ്യത്യസ്ത സീനുകളിൽ പശ്ചാത്തലം എങ്ങിനെ ഇരിക്കും എന്ന് ഇതിലൂടെെ മനസ്സിലാക്കാൻ സാധിക്കുന്നു.
പ്രൊഡക്ഷൻ
കീ അനിമേഷൻ, ഇൻ ബിറ്റ് വീൻ, കോംപോസിറ്റിംഗ്, റെൻഡറിംഗ് എന്നിവ ഈ ഘട്ടത്തിൽ വരുന്നു
കീ അനിമേഷൻ
ഓരോ സീനിലും ഉള്ള കഥാപാത്രത്തിൻ്റെ വ്യത്യസ്ത പോസുകൾ സ്റ്റോറി ബോർഡിന് അനുസരിച്ച് ചെയ്യുന്നു. എക്സ്പോഷർ ഷീറ്റ് എന്നറിയപ്പെടുന്ന വിശദമായ ലിസ്റ്റിന് അനുസരിച്ച് ശബ്ദം, ഡയലോഗ് എന്നിവയുടെ പ്രധാന പോസുകൾ വരയ്ക്കുന്നു.
ഇൻ ബിറ്റ് വീൻ
കീ അനിമേഷൻ ചെയ്തു കഴിയുമ്പോൾ ലഭിക്കുന്ന പ്രധാന പോസുകളുടെ ഇടയ്ക്ക് വരുന്ന ഫ്രെയിമുകൾ വരച്ചു ചേർക്കുന്നതാണ് ഇവിടെ ചെയ്യുന്നത്.
കോംപോസിറ്റിംഗ്
വരച്ചു പൂർത്തിയായ അനിമേഷനുകളിൽ പശ്ചാത്തലം, ഇഫക്ടുകൾ, ലൈറ്റിംഗ്, നിഴലുകൾ എന്നിവ കൂട്ടിച്ചേർക്കുക എന്നതാണ് കോംപോസിറ്റിംഗിൽ ചെയ്യുന്നത്.
റെൻഡറിംഗ്
കോംപോസിറ്റിംഗ് കഴിഞ്ഞ ഓരോ ഷോട്ടുകളും വീഡിയോ ആക്കി മാറ്റുന്ന പ്രവർത്തിയാണ് റെൻഡറിംഗ്.
പോസ്റ്റ് പ്രൊഡക്ഷൻ
എഡിറ്റിംഗ്, ശബ്ദമിശ്രണം, ടൈറ്റിലുകൾ എന്നിവ ഇവിടെ നൽകുന്നു. പല ഷോട്ടുകളും, സീനുകളും കൂട്ടിച്ചേർത്ത് മുഴുവൻ ഒരൊറ്റ അനിമേഷൻ ചിത്രമായി പുറത്തിറങ്ങുന്നത് ഇവിടെ വച്ചാണ്.
മേൽപ്പറഞ്ഞ രീതികളിലൂടെയാണ് 2ഡി അനിമേഷനുക നിർമ്മിക്കപ്പെടുന്നത്. ഓരോ ഘട്ടത്തിലും അതിന് യോഗ്യരായ കലാകാരൻമാർ ആ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു. ഇത്തരത്തിൽ നിരവധി പേരുടെ ഒരു കൂട്ടായ്മയിലാണ് ഒരു പൂർണ്ണമായ അനിമേഷൻ ചിത്രം പുറത്തിറങ്ങുന്നത്.
എന്നാൽ ഈ എല്ലാ ഭാഗങ്ങളും നന്നായി അറിയാവുന്ന ഒരാൾക്ക് സ്വന്തമായി ഒരു അനിമേഷൻ ചിത്രം നിർമ്മിക്കാൻ സാധിക്കുമെങ്കിലും കൂടുതൽ സമയം വേണ്ടി വരും എന്ന പരിമിതി ഉണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട അവസ്ഥയിൽ പല ഡിപ്പാർട്ടുമെൻ്റുകളായി വിഭജിച്ചാണ് അനിമേഷൻ ജോലികൾ ചെയ്യുന്നത്.
2ഡി അനിമേഷനുകൾ നിർമിക്കാൻ വേണ്ട യോഗ്യതകൾ
2ഡി അനിമേഷനുകൾ ചെയ്യാൻ നല്ല കലാഭിരുചി വേണം. കൂടാതെ അനിമേഷൻ്റെ അടിസ്ഥാന തത്വങ്ങൾ നന്നായി അറിഞ്ഞിരിക്കണം. ചിത്രം വരയ്ക്കാനറിയാവുന്നവർക്ക് ഇവിടെ നന്നായി തിളങ്ങുവാൻ സാധിക്കും. വരയ്ക്കുക എന്നതു മാത്രമല്ല അതിനെ ചലിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കാൻ വേണ്ട ടൂളുകളെക്കുറിച്ച് നല്ല അവബോധവും ഉണ്ടായിരിക്കണം.
2ഡി അനിമേഷൻ്റെ സാധ്യതകൾ
2ഡി അനിമേഷൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. സിനിമകൾ, ടെലിവിഷൻ, മൊബൈൽ ഫോൺ, ഇൻ്റർനെറ്റ്, ഗെയിം എന്നിവിടങ്ങളിൽ 2ഡി അനിമേഷന് നല്ല സാധ്യകൾ ഉണ്ട്. പരസ്യ ചിത്രങ്ങൾ, വിദ്യാഭ്യാസം എന്നിവയിലും 2ഡി അനിമേഷൻ പ്രയോജനപ്പെടുത്തുന്നു. 2ഡി അനിമേഷൻ നിർമിക്കുവാൻ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നതിനാൽ വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കുവാൻ സാധിക്കുന്നു.
അനിമേഷൻ ചെയ്യുന്ന വമ്പൻ സ്റ്റുഡിയോകളിൽ ജോലി ലഭിക്കുന്നതിലൂടെ മികച്ച ഒരു കരിയർ ലഭിക്കുന്നു. സ്വന്തമായി സ്വതന്ത്ര രീതിയിൽ ജോലി ചെയ്യുവാനും സാധിക്കുന്നു. നിരവധി മേഖലകളിൽ 2ഡി അനിമേഷൻ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള രീതിയിൽ ജോലി ചെയ്യുവാനുള്ള സാഹചര്യവും ലഭിക്കുന്നു. മറ്റു രാജ്യങ്ങളേക്കാൾ വളരെ കുറഞ്ഞ ചിലവിൽ അനിമേഷൻ നിർമിക്കാൻ സാധിക്കുമെന്നതു കൊണ്ട് ഇന്ത്യയിൽ നിരവധി പ്രോജക്ടുകൾ വിദേശത്തു നിന്നും എത്തിക്കൊണ്ടിരിക്കുന്നു.
മറ്റു ലേഖനങ്ങൾ വായിക്കുക
എന്തു കൊണ്ടാണ് അനിമേഷന് ഇത്രയും ജനപ്രീതി ലഭിക്കുന്നത്?
0 അഭിപ്രായങ്ങള്‍