![]() |
അനിമേഷൻ സ്വന്തമായി പഠിക്കാൻ സാധിക്കുമോ ?
ഇത് ഒരു സുപ്രധാനമായ ഒരു ചോദ്യമാണ്. ഒരു മനുഷ്യന് എന്തും സാധ്യമാണ് എന്നാണ് പൊതുവേ പറയാറുള്ളത്. അത് സത്യമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഇന്നത്തെ സാഹചര്യത്തിൽ എന്തും സ്വായത്തമാക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്.പഠനം എന്നത് ഒരാളിൻറെ മാനസിക നിലവാരത്തെ അനുസരിച്ചാണ് നിലകൊള്ളുന്നത്.
പഠിക്കേണ്ട വിഷയത്തെ ഘടകങ്ങൾ ആക്കി തിരിക്കുക.അതിൻറെ അടിസ്ഥാന തത്വം,അതിൽ വരുന്ന വിവിധ ഭാഗങ്ങൾ എന്നിവ എന്താണ് എന്നിവയെക്കുറിച്ചുള്ള ഒരു സിലബസ് ആദ്യം തയ്യാറാക്കുക.ഉദാഹരണമായി 3ഡി അനിമേഷനിലെ മോഡലിംഗ് ആണ് പഠിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ വരുന്ന polygon,nurbs,surface,curve,editing,surface flow തുടങ്ങിയ കാര്യങ്ങൾ മുൻഗണന ക്രമത്തിൽ തയ്യാറാക്കുക.അതിനനുസരിച്ച് മുന്നോട്ടു പോകുക.അപ്പോൾ ഇതൊക്കെ ഒരു തുടക്കകാരന് എങ്ങിനെ തിരിച്ചറിയാൻ കഴിയും എന്ന ഒരു ചോദ്യം ഉയരുന്നു.അതിനായി youtube, google, software website, blog, tutorial sites, books ഇങ്ങിനെയുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മനസ്സിലാക്കുക
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് ആദ്യം ഒരു കുറിപ്പ് തയ്യാറാക്കുക.കൂടാതെ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.അങ്ങിനെ ചെയ്യുമ്പോൾ ഒരു അടുക്കും ചിട്ടയും വരുന്നതായിരിക്കും.പയ്യെതിന്നാൽ പനയും തിന്നാം എന്ന ചൊല്ല് ഓർക്കേണ്ടതാണ്.
ഒരുവിധം കാര്യങ്ങൾ കയ്യിലായി എന്ന് ബോധ്യപ്പെടുമ്പോൾ ഒരു ലക്ഷ്യം വയ്ക്കുക.ഒരോ ആഴ്ചയിൽ അല്ലെങ്കിൽ ഓരോ മാസത്തിൽ അല്ലെങ്കിൽ ഓരോ ദിവസത്തിൽ ഒരു വർക്ക് അല്ലെങ്കിൽ ഒരു സൃഷ്ടി എന്ന ലക്ഷ്യത്തോടെ മുന്നേറുക.പെർഫെക്ഷൻ കൊണ്ടു വരിക എന്നത് വളരെയധികെ സമയം വേണ്ടി വരുന്ന ഒരു പ്രവർത്തനമാണ്.ആയതിനാൽ ശ്രദ്ധയോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുക.
നമ്മുടെ സൃഷ്ടിക്ക വിഘാതം സൃഷ്ടിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുക എന്നതാണ് മറ്റൊരു സുപ്രധാനമായ കാര്യം.അതിനായി അനാവശ്യ കാര്യങ്ങളിൽ തലയിടാതിരിക്കുക.ദൌർബല്യങ്ങളെ അവഗണിക്കുക.
അറിവുള്ളവരുടെ അഭിപ്രായം ഉൾക്കൊള്ളുക.വിദഗ്ധരുടെ അഭിപ്രായങ്ങൾ നമ്മുടെ കുറവുകൾ തിരിച്ചറിയാനും തിരുത്തലുകൾ വരുത്തുവാനും സഹായിക്കുന്നു.വിമർശനങ്ങളെ ഉൾക്കൊണ്ട് മാറ്റം വരുത്തി മുന്നോട്ടു പോകുവാനുള്ള മനസ്സ് സ്വയം ഉണ്ടാക്കിയെടുക്കുക.എന്നാൽ എന്തിനും കുറ്റം പറയുന്നവരെയും, നിരുത്സാഹപ്പെടുത്തുന്നവരെയും ഒഴിവാക്കുക
സ്വയം സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും ആണ് പ്രവർത്തിക്കേണ്ടത് എന്ന കാര്യം സുപ്രധാനമാണ്.സ്വന്തം വിധി തീരുമാനിക്കുന്നത ്അവരവർ തന്നെ എന്ന കാര്യം എപ്പോഴും ഓർമിക്കുക.
ചെറിയ ചെറിയ കാര്യങ്ങൾ ആദ്യം തന്നെ ചെയ്യുക.ലളിതമായ വർക്കുകൾ ചെയ്യുമ്പോൾ തെറ്റു കുറ്റങ്ങൾ തിരിച്ചറിയുവാനും സങ്കീർണ്ണമായ വർക്കുകൾ ചെയ്യുവാനുള്ള ധൈര്യം ലഭിക്കുവാനും സഹായിക്കും.ഒരു കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുമ്പോൾ അത് മനസ്സിൽ ഉറയ്ക്കുവാനും അതിൽ വിദഗ്ധൻ ആകുവാനും സാധിക്കും.കൂടാതെ ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുവാനും ശ്രദ്ധിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഒരു വ്യക്തിയുടെ വിജയത്തിലേക്കുള്ള പാതയിൽ സഹായകരമാകും എന്നു കരുതുന്നു.അനിമേഷൻ,ആർട്ട് മേഖലകളിൽ ജന്മനാ കഴിവ് ലഭിക്കുന്ന ഒരാൾക്ക് കാര്യങ്ങൾ വളരെയധികം വേഗത്തിൽ സാധിക്കുന്നു.എങ്കിലും ഈ മേഖലയിൽ കടന്നു വരുന്ന ആർക്കും അവരുടേതായ ഒരു സ്ഥാനം കൂടി ഉണ്ട് എന്നത് പ്രാധാന്യമുള്ള ഒരു വസ്തുത ആണ്.അത് ഏതാണ് എന്ന് തിരിച്ചറിയുക എന്നതാണ് ഇവിടെ വിജയത്തിന് ആധാരം
0 അഭിപ്രായങ്ങള്‍